പുലാമന്തോൾ: പുലാമന്തോൾ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഭക്ഷണ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഗുണനിലവാര പരിശോധന നടത്താതെ വെള്ളം ഉപയോഗിച്ച് ജ്യൂസും മറ്റു ശീതള പാനിയങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുമെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
രാത്രികാല പരിശോധന ഉൾപ്പെടെ മുപ്പതോളം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ സെക്രട്ടറി ആർച്ച എ. നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ. അനിൽകുമാർ, സുനിൽകുമാർ, കുടുംബാരോഗ്യ കേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീഖ്, ധന്യ, ക്രിസ്റ്റി ജോസ്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.